കഴിഞ്ഞ വർഷം അഭയാർത്ഥികളെ ഏറ്റവും കൂടുതൽ സ്വീകരിച്ച രാജ്യങ്ങളിൽ ഒന്ന് കാനഡയെന്ന് റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയുടെ (UNHCR) കണക്കനുസരിച്ചാണ് കാനഡ മുന്നിലുള്ളത്. പീഡനം, സംഘർഷം, അക്രമം, മനുഷ്യാവകാശ ലംഘനങ്ങൾ തുടങ്ങിയവയുടെ ഫലമായി 2024 അവസാനത്തോടെ ലോകമെമ്പാടുമായി 123.2 ദശലക്ഷം ആളുകളാണ് നിർബന്ധിതമായി കുടിയിറക്കപ്പെട്ടതെന്ന് ഏജൻസി പുറത്തിറക്കിയ റിപ്പോർട്ടിലുണ്ട്.
കണക്കുകൾ അനുസരിച്ച് കഴിഞ്ഞ വർഷം കാനഡയ്ക്ക് 174,000 അഭയാർത്ഥി അപേക്ഷകൾ ലഭിച്ചു. ഇതിലൂടെ ആഗോളതലത്തിൽ കാനഡ നാലാം സ്ഥാനത്തേക്ക് ഉയർന്നു. 229,800 അപേക്ഷകളുമായി ജർമ്മനിയും 433,900 അപേക്ഷകളുമായി ഈജിപ്തും 729,100 അപേക്ഷകളുമായി അമേരിക്കയും പട്ടികയിൽ ഉണ്ട്. കഴിഞ്ഞ വർഷം കാനഡ 49,300 അഭയാർത്ഥികളെ പുനരധിവസിപ്പിച്ചു പ്രധാനമായും എറിത്രിയ (15,500), അഫ്ഗാനിസ്ഥാൻ (8,900), സിറിയ (6,600), സൊമാലിയ (4,900) എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് പുനരധിവസിപ്പിച്ചത്. 2024 ൽ 105,500 പേരെ പുനരധിവസിപ്പിച്ച യുഎസിന് പിന്നിൽ, ലോകത്തിലെ രണ്ടാമത്തെ വലിയ പുനരധിവാസ രാജ്യമായി കാനഡ മാറി. സ്ഥിര താമസാനുമതി നൽകുന്നതിൽ, ആഗോളതലത്തിൽ ഏറ്റവും വലിയ പങ്ക് കാനഡയ്ക്കാണ്. 27,400 പേർക്കാണ് സ്ഥിര താമസ അനുമതി നല്കിയത്.